Print this page

സർക്കാർ സേവനങ്ങൾക്ക് തുക ഇ ടി ആർ 5ൽ: ഇതുവരെ നടന്നത് അഞ്ച് ലക്ഷത്തിലധികം ഇടപാടുകൾ

By January 02, 2023 173 0
സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഒടുക്കുന്നതിന് ഏർപ്പെടുത്തിയ ഇ ടി ആർ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകൾ. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ടി. ആർ. 5 ബുക്കിൽ നിന്ന് ഇ ടി ആർ 5 ലേക്ക് മാറിയത്. നിലവിൽ 83 വകുപ്പുകൾ ഇ ടി ആർ 5 സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.


ഇ ടി ആർ 5 വഴി ജനങ്ങൾ നൽകുന്ന തുക രേഖപ്പെടുത്തുമ്പോൾ ഇടപാടുകാരുടെ മൊബൈൽ നമ്പറിലേക്ക് രസീത് എസ് എം എസ് ആയി ലഭിക്കും. മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് രസീത് പ്രിന്റ് എടുത്ത് നൽകും. ക്യൂ ആർ കോഡ്, യു പി ഐ പേയ്മെന്റ് മുഖേന തുക അടയ്ക്കുമ്പോഴും ഇതേ രീതിയിൽ ഇ ചെല്ലാൻ മൊബൈലിൽ എസ്. എം. എസ് ആയി ലഭിക്കും.മുൻപ് പണം അടയ്ക്കുമ്പോൾ ടി. ആർ 5 ബുക്കിൽ പകർപ്പ് സഹിതം എഴുതി ഒറിജിനൽ രസീത് ഇടപാടുകാരന് നൽകുകയായിരുന്നു ചെയ്തിരുന്നത്. തുടർന്ന് തുക ഓഫീസിലെ ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തും. അതാതു ദിവസം ലഭിക്കുന്ന തുക ശീർഷകം നോക്കി ഓരോ ചെലാനിൽ രേഖപ്പെടുത്തി ട്രഷറിയിൽ അടയ്ക്കുകയും ചെയ്തിരുന്നു.


ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ഡിസംബറിലാണ്, 209078 എണ്ണം. ജൂലായിൽ 48160, ആഗസ്റ്റിൽ 72884, സെപ്റ്റംബറിൽ 71108, ഒക്ടോബറിൽ 56165, നവംബറിൽ 55670 ഇടപാടുകളാണ് നടന്നത്. ഇതിൽ യുപിഐ ഉപയോഗിച്ച് 3439ഉം ക്യു ആർ കോഡ് പ്രയോജനപ്പെടുത്തി 225792 ഉം പണമായി 2,83,834 ഉം ഇടപാടുകളാണ് ആറു മാസത്തിനിടെ നടന്നിരിക്കുന്നത്.
Rate this item
(0 votes)
Author

Latest from Author