Print this page

മൂലമ്പിള്ളിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ച് മുത്തൂറ്റ് ഫിനാന്‍സ്

By September 16, 2022 314 0
മൂലമ്പിള്ളിയിലെ‍  സ്മാര്‍ട്ട് അങ്കണവാടി ഹൈബി ഈഡന്‍ എംപിയും മുത്തൂറ്റ് ഫിനാന്‍സ്  ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു മൂലമ്പിള്ളിയിലെ‍ സ്മാര്‍ട്ട് അങ്കണവാടി ഹൈബി ഈഡന്‍ എംപിയും മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണപണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് ഹൈബി ഈഡന്‍ എംപിയുമായി ചേര്‍ന്ന് മൂലമ്പിള്ളിയില്‍ സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഹൈബി ഈഡന്‍ എംപിയും മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അബ്രല്ല ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വീസസ് സ്കീമിന്‍റെ ഭാഗമായുള്ള അങ്കണവാടി സേവനങ്ങള്‍ കുട്ടികളുടെ ആരോഗ്യവും പോഷണവും കൂടാതെ കുട്ടികള്‍ക്ക് പ്രീ-എഡ്യൂക്കേഷനും ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കുന്ന പദ്ധതിയാണ്.

മുത്തൂറ്റ് ഫിനാന്‍സിന്‍റെ സിഎസ്ആര്‍ പദ്ധതികളില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് എല്ലായ്പ്പോഴും കൂടുതല്‍ ഊന്നല്‍ കൊടുക്കാറുണ്ട്. വാര്‍ഷിക സിഎസ്ആര്‍ ഫണ്ടുകള്‍ വിദ്യാഭ്യാസരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിനിയോഗിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കാനായി മുത്തൂറ്റ് ഫിനാന്‍സ് എപ്പോഴും പരിശ്രമങ്ങള്‍ നടത്താറുണ്ട്. ശരിയായ പ്രായത്തില്‍ അവര്‍ക്ക് ശരിയായ പിന്തുണ നല്കിയാല്‍ കുട്ടികള്‍ അവരുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റും. സ്മാര്‍ട്ട് അങ്കണവാടികളുടെ വികസനം വളരെ അത്യാവശ്യമാണ്. ഇത്തരത്തില്‍ കൂടുതല്‍ ഫലപ്രദവും ലക്ഷ്യബോധമുള്ളതുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പരിവര്‍ത്തനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംപി ഹൈബി ഈഡന്‍ വ്യക്തമാക്കി. കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിനൊപ്പം സാമൂഹ്യമായ വികസനത്തിനും അടിത്തറ പാകുന്നത് അങ്കണവാടികളിലൂടെയാണ്. സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈയ്യെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടു വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് 650 ചതുരശ്ര അടിയുള്ള സ്മാര്‍ട്ട് അങ്കണവാടി (ഗ്രൗണ്ട് ഫ്ളോര്‍ 650 ചതുരശ്രഅടി, റൂഫിംഗ് 900 ചതുരശ്രഅടി) നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലൂടെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മികവുറ്റ വിദ്യാഭ്യാസം ലഭിക്കും. അത്യാധുനിക രൂപകല്പനയില്‍ മികച്ച രീതിയില്‍ മൂലമ്പിള്ളിയില്‍ സ്ഥാപിച്ച സ്മാര്‍ട്ട് അങ്കണവാടിയില്‍ പ്ലേസ്കൂള്‍, സ്മാര്‍ട്ട് ക്ലാസ്റൂം, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, അടുക്കള, ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ഡ് മെമ്പര്‍ അഗസ്റ്റിന്‍ ഹൈബിന്‍ സ്വാഗതം പറഞ്ഞു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിന്‍സെന്‍റ് അധ്യക്ഷ പ്രസംഗം നടത്തി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ട്രീസ മാനുവല്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍സി ജോര്‍ജ്, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിപിന്‍ രാജ് കെ.പി, മൂലമ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് പള്ളി വികാരി റവ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍, സി.ഡി.പി.ഒ., ബിന്ദുമോള്‍ എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തി. കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശോഭന കുമാരി നന്ദി രേഖപ്പെടുത്തി.
Image
Rate this item
(0 votes)
Author

Latest from Author