Print this page

ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി

By September 13, 2022 249 0
സമാപന സമ്മേളനം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആസിഫ് അലി മുഖ്യ അതിഥിയായി.

തിരുവനന്തപുരം: ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വര്‍ണാഭമായ ഓണക്കാഴ്ചകള്‍ കൊടിയിറങ്ങി . സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. ഏതു പ്രതിസന്ധിയിലും കേരളം ഒരുമിച്ച് നിന്നാല്‍ അത്ഭുതങ്ങള്‍ സാധ്യമാകുമെന്ന് ഈ ഓണാഘോഷം തെളിയിച്ചതായും അടുത്ത വര്‍ഷത്തെ ഓണാഘോഷം ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ വിദേശികളുള്‍പ്പെടെ എത്തുന്ന രീതിയില്‍ മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.

ജാതിമതഭേദമന്യേ എല്ലാവരും ഒരുപോലെ ആഘോഷിച്ച ഇത്തവണത്തെ ഓണം ഏകോപനത്തിന്റെ ഉത്സവം കൂടിയായെന്ന് ചടങ്ങില്‍ മുഖ്യ അതിഥിയായ ചലച്ചിത്ര നടന്‍ ആസിഫ് അലി പറഞ്ഞു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും ഒത്തൊരുമയോടെ ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ആസിഫ് അലി പറഞ്ഞു.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായ കലാകൗമുദിയിലെ അരുണ്‍കുമാര്‍ ബി.വി യ്ക്കും മികച്ച ഫോട്ടോഗ്രാഫറായമെട്രോ വാര്‍ത്തയിലെ കെ.ബി ജയചന്ദ്രനും മന്ത്രി പി. എ മുഹമ്മദ് റിയാസ് പുരസ്‌കാരങ്ങള്‍ നല്‍കി.

സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനും മികച്ച കവറേജിനുള്ള പുരസ്‌കാരം മെട്രോ വാര്‍ത്തയ്ക്കും മന്ത്രി വി. ശിവന്‍കുട്ടി നല്‍കി.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായ മീഡിയ വണ്ണിലെ ഷിജോ കുര്യനും മികച്ച ക്യാമറാമാനായി തെരഞ്ഞെടുക്കപ്പെട്ട 24 ന്യൂസിലെ സിറില്‍ ഡി ലെസ്ലിക്കും ആസിഫ് അലി പുരസ്‌കാരങ്ങള്‍ നല്‍കി . സമഗ്ര കവറേജിനുള്ള ഓണ്‍ലൈന്‍ മീഡിയ പുരസ്‌കാരം ആറ്റിങ്ങല്‍ വാര്‍ത്ത ഡോട്ട് കോമിന് ഡി. കെ മുരളി എം. എല്‍. എ യും .എഫ്.എം റേഡിയോക്കുള്ള പുരസ്‌കാരം റെഡ് എഫ്.എം ന് ഐ. ബി സതീഷ് എം. എല്‍. എ യും സമ്മാനിച്ചു.
Rate this item
(0 votes)
Author

Latest from Author