Print this page

ഭരണരംഗത്തെ നൂതനാശയങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു

തിരുവനന്തപുരം: പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരങ്ങൾക്കുള്ള 2018, 2019, 2020 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.2018 ൽ പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോർട്ടൽ, പ്രൊസീഡ്യുറൽ ഇന്റർവെൻഷനിൽ കേരള പോലീസ് സൈബർ ഡോം, 2019 ൽ പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ റവന്യൂ ഇ-പേമന്റ് സിസ്റ്റം, ലാന്റ് റവന്യു കമ്മീഷണറേറ്റ്, പ്രൊസീഡ്യുറൽ ഇന്റർവെൻഷനിൽ ലിറ്റിൽ കൈറ്റ്സിന്റെ ഫസ്റ്റ് ബെൽ, ഡവലപ്പ്മെന്റൽ ഇന്റർവൻഷനിൽ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നമ്മുടെ കോഴിക്കോട് പദ്ധതി, 2020 ൽ പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ വ്യവസായ വികസന കോർപ്പറേഷന്റെ കെ-സ്വിഫ്റ്റ് പദ്ധതി, പേഴ്സനൽ മാനേജ്മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ പാഠ്യപദ്ധതിയുമാണ് അവാർഡുകൾ നേടിയത്.

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാർഡ്. ഇതിനു പുറമെ, സ്പെഷ്യൽ അവാർഡ് വിഭാഗത്തിൽ (2019) എറണാകുളം മനീട് കുടുംബാരോഗ്യ കേന്ദ്രവും ഇമ്മ്യൂണോ ചെയിൻ വികസിപ്പിച്ച കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയും (2020 വർഷം) മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. രണ്ടര ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് ഈയിനത്തിൽ അവാർഡ്.

പുരസ്‌കാരങ്ങൾ അത് നേടിയ വകുപ്പുകൾക്ക് കൂടുതൽ ഉത്തേജനവും മറ്റ് വകുപ്പുകൾക്ക് പ്രചോദനവും നൽകുമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7,122 കോടി രൂപ വിതരണം ചെയ്യാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങൾ നേടിയ വകുപ്പുകളേയും സ്ഥാപനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ഐ.എം.ജിയിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 2021 മുതൽ പുതിയ രണ്ട് വിഭാഗങ്ങളിൽ കൂടി പുരസ്‌ക്കാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽകാന്ത്, ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി എസ്. സീമ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author