Print this page

ഓണ്‍ലൈന്‍ ഒപി സംവിധാനം ഏറ്റെടുത്ത് പൊതുജനങ്ങള്‍

The public has taken over the online OP system The public has taken over the online OP system
തിരുവനന്തപുരം: വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷനിലൂടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന സംവിധാനം ജനങ്ങളിലേയ്ക്ക് എത്തിത്തുടങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസേന 15 മുതല്‍ 25 രോഗികള്‍ വരെ ഇപ്പോള്‍ ചികിത്സയ്ക്കെത്തുന്നത് ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷനിലൂടെയാണ്. ആശുപത്രിയില്‍ വരുന്നദിവസം അതിരാവിലെ എത്തുന്നതിനായി രോഗികള്‍ ഉറക്കമിളച്ചിരുന്ന് നടത്തിയിരുന്ന തയ്യാറെടുപ്പുകള്‍ക്കാണ് പുതിയ സംവിധാനം വഴി അവസാനമായതെന്ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗികള്‍ പറഞ്ഞു. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴി ഒപിടിക്കറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്. കോവിഡ് വ്യാപനം തടസം സൃഷ്ടിച്ചകാലത്തും രോഗീസൗഹൃദപദ്ധതികള്‍ മുടക്കം കൂടാതെ നടപ്പാക്കുന്നതിനും ഓണ്‍ലൈന്‍ വഴി ഒപി ടിക്കറ്റെടുക്കുന്ന സംവിധാനം എത്രയുംവേഗം രോഗികളിലെത്തിക്കാനും ആശുപത്രിയിലെ ക്വാളിറ്റി ഇംപ്രൂവ്മെന്‍റും ലക്ഷ്യമിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചതോടെയാണ് ജനങ്ങള്‍ക്ക് പദ്ധതി കൂടുതല്‍ പരിചിതമായത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാവര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍, ഇ ഹെല്‍ത്തിന്‍റെ ചുമതലക്കാരനായ ഡോ വിശ്വനാഥന്‍ എന്നിവര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷനിലൂടെ ഒപി ടിക്കറ്റെടുക്കാതെ ടോക്കണ്‍ മാത്രമെടുത്ത് വരുന്നവര്‍ക്ക് ഒപി ബ്ലോക്കില്‍ പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെയെത്തി റഫറല്‍ലെറ്ററോ പഴയ ഒപിടിക്കറ്റോ ഡിസ്ചാര്‍ജ് കാര്‍ഡോ കൈമാറി ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ കഴിയും. ഒപി ടിക്കറ്റിന്‍റെ പ്രിന്‍റൗട്ടുമായി വരുന്നവര്‍ക്ക് നേരിട്ട് ഡോക്ടറെ കാണാനാവും.
ഓണ്‍ലൈന്‍സംവിധാനം വരുന്നതിനുമുമ്പ് സെക്യൂരിറ്റി കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങിയശേഷം മാത്രമേ ഒപി ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. ടോക്കണ്‍ എടുക്കാന്‍ വേണ്ടിമാത്രം അതിരാവിലെ മുതല്‍ ആശുപത്രിയ്ക്കുമുന്നില്‍ നീണ്ടനിര രൂപപ്പെട്ടിരിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വന്നതോടെ സെക്യൂരിറ്റി കൗണ്ടറിലെ ടോക്കണിനായി ഇനി കാത്തുനില്‍ക്കേണ്ടതില്ല. ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ഒപി ടിക്കറ്റെടുത്തവരില്‍ ഭൂരിഭാഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ പ്രയോജനം കൂടുതല്‍ രോഗികളിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
https://ehealth.kerala.gov.in വഴി രജിസ്റ്റർ ചെയ്താണ് ടോക്കൺ എടുക്കേണ്ടത്. ടോക്കണിനൊപ്പം ഒപി ടിക്കറ്റും പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. പദ്ധതിയുമായുള്ള രോഗികളുടെ അപരിചിതത്വം മാറുന്നതു വരെ ടോക്കണുമായി ആശുപത്രിയിലെ പ്രത്യേകം സജ്ജീകരിച്ചിരിച്ചിട്ടുള്ള കൗണ്ടറിലെത്തി ഒപിടിക്കറ്റ് വാങ്ങാവുന്നതാണ്. എന്നാൽ ഒപി ടിക്കറ്റിന്റെ പ്രിന്റുമായി വരുന്നവർക്ക് കൗണ്ടറിൽ പോകാതെ തന്നെ നേരിട്ട് ഡോക്ടറെ കാണാനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ പറഞ്ഞു.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam