Print this page

സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

By January 24, 2024 271 0
ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


കായിക സമ്പദ് വ്യവസ്ഥ വളരുമ്പോൾ ഈ രംഗത്തു വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു കേരളത്തെ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷണൽ സ്പോർട്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കായിക സമ്പദ്വ്യവസ്ഥ വലിയ തോതിൽ സജീവമാക്കാൻ കഴിയുന്ന സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും ഈ രംഗത്തേക്ക് ആകർഷിക്കും. ഇത്തരമൊരു ചുവടുവയ്പ്പിന് ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണു കേരളം. അന്താരാഷ്ട്ര കായികരംഗത്തു ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണു കേരളം. ഒരേ മനസോടെ മുന്നോട്ടുവന്നാൽ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയും.


ദേശീയതലത്തിലും അന്തർദേശീയതലത്തിലും നിരവധി അഭിമാന നേട്ടങ്ങൾ കരസ്ഥമാക്കിയ താരങ്ങൾ കേരളത്തിലുണ്ട്. കായികതാരങ്ങൾ മാത്രമല്ല പ്രമുഖരായ പരിശീലകർ, റഫറിമാർ ഉൾപ്പെടെയുള്ള ഒഫിഷ്യലുകളേയും കേരളം സംഭാവനചെയ്തു. കായിക പഠനത്തിന്റെ മേഖലയിലും കേരളം ഏറെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും മികച്ച കായിക ആസ്വാദകരുടെ പട്ടികയിലാണു മലയാളികളുടെ സ്ഥാനം. കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് കാലത്തു സംഘാടകരായ ഖത്തറും ലോകജേതാക്കളായ അർജന്റീനയും ആരാധക പിന്തുണയ്ക്കു കേരളത്തോടു നന്ദിപറഞ്ഞകാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഫുട്ബോൾ ക്ലബുകളും കേരളത്തിന്റെ കായിക ആസ്വാദന നിലവാരത്തെ പ്രകീർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ലോകത്തെ പ്രധാന കായിക ഇനങ്ങൾക്കെല്ലാം വേരോട്ടമുള്ള മണ്ണാണു കേരളത്തിന്റേത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ കായിക ഇനങ്ങൾ കളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കായിക പ്രചരണത്തിൽ നാട്ടിലെ ക്ലബുകൾ, വായനശാലകൾ, മറ്റു സംഘടനകൾ തുടങ്ങിയവ വഹിച്ചിട്ടുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ക്ലബുകളാണു പല കായിക ഇനങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും മികച്ച കായിക സംസ്‌കാരം നിലനിൽക്കുന്ന നാടാണു കേരളമെന്ന് അഭിമാനപൂർവം പറയാനാകും.


കായികരംഗത്തു ചില പോരായ്മകളും നിലനിൽക്കുന്നുണ്ടെന്നതു തിരിച്ചറിയണം. ഒരുകാലത്തു രാജ്യത്തു മുൻനിരയിലായിരുന്ന പല കായിക ഇനങ്ങളിലും നാം ഇന്നു പിന്നോട്ടുപോയിട്ടുണ്ട്. ദേശീയതലത്തിലുള്ള മത്സരങ്ങൾ ഇതിനു തെളിവാണ്. കായികരംഗത്തെ പുതിയ രീതികളും സാങ്കേതികവിദ്യകളും സ്വന്തമാക്കുന്നതിൽ നാം ഏറെ മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. കായികരംഗത്തെ ഈ കുറവ് തിരിച്ചറിഞ്ഞുള്ള പരിഷ്‌കരണ നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായി നിലവാരമുള്ള കളിക്കളങ്ങൾ നിർമിക്കുന്നതിനു വലിയ പ്രാധാന്യം നൽകുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ പത്തിലധികം സിന്തറ്റിക് ട്രാക്കുകളുണ്ട്. 1700 കോടി രൂപയാണു കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ ചെലവഴിച്ചത്. 703 കായികതാരങ്ങൾക്കു സർക്കാർ സർവീസിൽ ജോലി നൽകി. എല്ലാവർക്കും സ്പോർട്സ് എന്നതിൽ ഊന്നിയാണു കായിക നയം പ്രഖ്യാപിച്ചത്. കായിക ഇനങ്ങളും ശാരീരിക ക്ഷമതാ പ്രവർത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് നയംകൊണ്ട് ഉദ്ദേശിക്കുന്നത്. കായിക മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക് ഉതകുന്ന ഒട്ടേറെ നിർദേശങ്ങളും ഇതിലുണ്ട്.


കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്നതിനും വലിയ മുൻതുക്കം നൽകുകയാണ്. കായികംരംഗത്തെ മാനുഷിക അംശങ്ങളെ മുന്നിൽനിർത്തിയുള്ള പുരോഗമന നടപടികളും സ്വീകരിക്കും. ഭിന്നശേഷി സ്പോർസ് പ്രോത്സാഹിപ്പിക്കും. കായിക രംഗത്തു വനിതാ പ്രാതിനിധ്യം വർധിപ്പിക്കും. കായിക പ്രവർത്തനത്തെ ജനകീയ പ്രവർത്തനമായി പരിഗണിക്കുകയാണ്. പൊതുജനങ്ങൾക്കിടയിൽ കായിക വ്യായാമ സാക്ഷരത വളർത്തും. അതിനു തദ്ദേശതല സ്പോർട്സ് കൗൺസിലുകൾ പ്രയോജനപ്പെടുത്തും. കമ്യൂണിറ്റി സ്പോർട്സിന്റെ അടിത്തറയിൽ ഉന്നത നിലവാരത്തിലുള്ള കായിക സംസ്‌കാരം വളർത്തിയെടുക്കും. കായികരംഗത്തിന് ആവശ്യമായ നൈപുണ്യമുള്ള തൊഴിൽ സേനയെ വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണു സർക്കാർ. സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ സർവകലാശാലകളിൽ ആരംഭിക്കുകയാണ്. അങ്ങനെ സംസ്ഥാനത്തെ വളരുന്ന കായികമേഖലയ്ക്ക് ആവശ്യമായ മാനവവിഭവ ശേഷി കേരളത്തിൽനിന്നുതന്നെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രായ, ലിംഗ, പ്രാദേശിക, തൊഴിൽ, സാമ്പത്തിക ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്പോർട്സ് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാനം കായിക നയം രൂപീകരിച്ചു പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനുള്ള കേരളത്തിന്റെ നടപടികൾ രാജ്യത്തിന്റെ കായികരംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്. സാമ്പത്തിക തത്വങ്ങളെ കായിക മേഖലയുമായി ബന്ധിപ്പിച്ചുള്ള സുസ്ഥിര കാഴ്ചപ്പാടാണു കേരളം ഇതിലൂടെ നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനു പ്രാധാന്യം നൽകണമെന്നു ചടങ്ങിൽ പങ്കെടുത്ത നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് സ്പോർട്സിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ലഹരിക്കെതിരായ ബോധവത്കരണത്തിന് ഫിസിക്കൽ ഫിറ്റ്നസിനെക്കുറിച്ചുള്ള ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ സ്പോർട്സ് സ്‌കൂളുകളിലെ സിലബസ് പരിഷ്‌കരണവും പ്രവർത്തന സമയ മാറ്റവും സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതുവിദ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനഃക്രമീകരണം നടത്തുന്നതും ആലോചനയിലാണ്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ സ്പോർട്സ് ഒരു ഇനമാണ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ സ്പോർട്സിനായി പ്രത്യേക പാഠപുസ്തകം അച്ചടിച്ചു വിദ്യാർഥികൾക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
Rate this item
(0 votes)
Author

Latest from Author