March 25, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2152)

തിരു: കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ എണ്ണം കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ പുരുഷ സമത്വം, സമം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴിൽ സംബന്ധമാണ്. ഇതിന്റെ ആരംഭം വീടുകളിൽ നിന്നു തന്നെയാണ്. അടുക്കള പണിക്കൊപ്പം വയോജന, ശിശുപരിപാലനവും അവർ നിർവഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിൽ മാറ്റം വരേണ്ടതുണ്ട്. ഇതിനായി വലിയ ബോധവത്ക്കരണം സമൂഹത്തിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീത പ്രതിലോമ ശക്തികൾ സമൂഹത്തിൽ പതിയിരിക്കുന്നു. വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും എടുത്തു പറയത്തക്ക ചില ഇടപെടലുകളുണ്ടായി. അതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകൾക്ക് പദ്ധതി നടപ്പാക്കുന്നതിന് ആർജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാൻ അധികാരവികേന്ദ്രീകരണത്തിന് സാധിച്ചു. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പുരുഷനേ കഴിയൂ എന്ന യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകർന്നു വീണത്. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാഴികക്കല്ലായാണ്് കുടുംബശ്രീയുടെ രൂപീകരണത്തേയും വളർച്ചയെയും കാണേണ്ടത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റം ഒറ്റ പദ്ധതിയിലൂടെയോ ഹ്രസ്വകാലത്തിലൂടെയോ സാധ്യമാകുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വരും നാളുകളിൽ ഉണ്ടാകാതിരിക്കാൻ സമൂഹത്തിലെ സമസ്ത മേഖലയിലുമുള്ളവരെ പങ്കാളികളാക്കിക്കൊണ്ടാണ് സ്ത്രീ പുരുഷ സമത്വം എന്ന ആശയം സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലിംഗസമത്വം അടിസ്ഥാന പൗരാവകാശം എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. ഓരോ ഭവനത്തിലും സമം പദ്ധതിയുടെ ആശയം എത്തിക്കും. അതിന് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ വകുപ്പുകൾ സഹകരിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമം പദ്ധതിയുടെ ബ്രൻഡ് അംബാസഡറായി ഗായിക കെ. എസ്. ചിത്രയുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. കെ. എസ്. ചിത്രയും ചടങ്ങിൽ സംബന്ധിച്ചു. അടുത്ത ഒരു വർഷത്തിനിടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1001 വനിതകളെ ആദരിക്കും. ഉദ്ഘാടന ചടങ്ങിൽ കെ. എസ്. ചിത്ര, നഞ്ചിഅമ്മ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, എം. ഡി വത്‌സമ്മ, ജസ്റ്റിസ് എം. ഫാത്തിമബീവി, മുൻ ഡിജിപി ശ്രീലേഖ, മേയർ ആര്യാ രാജേന്ദ്രൻ, ഡോ. കെ. ഓമനക്കുട്ടി, നാടക സിനിമ പ്രവർത്തക സേതുലക്ഷ്മി, കാമറ വിമൻ ഫൗസിയ ഫാത്തിമ, വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ്, ആഴക്കടൽ മത്‌സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന കെ. സി. രേഖ എന്നിവരെ ആദരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ഗോവിന്ദൻ മാസ്റ്റർ, ആന്റണി രാജു, ജി. ആർ. അനിൽ എന്നിവർ സന്നിഹിതരായിരുന്നു. സമൂഹത്തിന്റെ വിവിധ മേലഖകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
തിരു:സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയർ' ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
തിരു:സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരു:കേരളത്തിൽ 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂർ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസർഗോഡ് 479 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
തിരു: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും.
തിരു :പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടര്‍ന്ന മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കളും ചിലതില്‍ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തില്‍ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറില്‍ വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.
തിരു :സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.ഓട്ടോമേറ്റഡ് സ്റ്റെയ്നർ, സ്റ്റോമ കെയർ ക്ലിനിക്ക് , പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫീനിക്സ് - ക്യാൻസർ സർവൈവൽ ക്ലബ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീണ ജോർജ് നിർവഹിക്കുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 30 ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലാണ് ഉദ്‌ഘാടന ചടങ്ങ്.
തിരു:വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്‌സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകൾ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവർഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി സിവിൽ സപ്‌ളൈസുമായി കൈകോർത്തുകൊണ്ട് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി തുടങ്ങാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രക്ളേശത്തിന് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്ന് ലോഫ്ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ, ലൈഫ് പദ്ധതിക്ക് പുറമെ, തീരദേശത്ത് 20,000 വീടുകൾ നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 31 അസംബ്‌ളി മണ്ഡലങ്ങളിൽ 700 വീടുകളുടെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി സെപ്റ്റംബർ 16ന് ഇതിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സീഫുഡ് റസ്‌റ്റോറന്റുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടം പണി പുരോഗമിക്കുകയാണ്. കേരളത്തിൽ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഉൾനാടൻ മത്‌സ്യകൃഷി പദ്ധതിയിലൂടെ 10600 പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്‌സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രപ്രശ്‌നത്തിന് സമുദ്ര പദ്ധതി പരിഹാരം കാണും. നിലവിൽ വാടക വാഹനത്തിലും മറ്റുമായാണ് ഇവർ നഗരത്തിലേക്ക് മത്‌സ്യം കൊണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, എം. എൽ. എമാരായ വി. കെ. പ്രശാന്ത്, കെ. ആൻസലൻ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.
Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 78 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.