Print this page

പുതിയ അത്യാഹിത വിഭാഗം ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും

The new emergency department will be operational from today The new emergency department will be operational from today
തിരുവനന്തപുരം: ഉദ്ഘാടന ശേഷം കോവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടു പോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ഇന്നു മുതൽ ആരംഭിക്കും. അത്യാഹിത വിഭാഗം മാറ്റുന്നതിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയായി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച വേളയിൽ അത്യാഹിത വിഭാഗം എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ എന്നിവർ ചേർന്ന് അതിനുള്ള പ്രവർത്തനം ആരംഭിക്കുകയും മുൻകൂട്ടി നിശ്ചയിച്ച നവംബർ 15 നു തന്നെ അതു പൂർത്തികരിക്കുകയുമായിരുന്നു. ആദ്യപടിയായി താത്കാലികമായി പ്രവർത്തിച്ചു വന്ന കോവിഡ് ഒപി ഡീലക്സ് പേ വാർഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
2020 സെപ്തംബർ 19 നാണ് പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗത്തിൽ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി ഡബ്ളിയു ഡി, എച്ച് എൽ എൽ എന്നിവ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി.
അത്യാഹിത വിഭാഗത്തിൽ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട് രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടെ അവസാനമാകും. അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രോഗിയുടെ ആരോഗ്യനിലയുടെ സ്വഭാവത്തിലൂന്നിക്കൊണ്ടുള്ള സംയോജിത ചികിത്സ നൽകുന്ന റെഡ് സോൺ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുന്നത്. രോഗിയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയാണ് അവിടെ നൽകുന്നത്. അപകടാവസ്ഥ മാറിയ ശേഷം തുടർന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗിയെ മാറ്റും. റെഡ് സോണിൽ പന്ത്രണ്ടും യെല്ലോ സോണിൽ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. ഇതോടൊപ്പമുള്ള മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ഏഴു കിടക്കകളും സർജിക്കൽ വിഭാഗത്തിൽ ഒൻപത് കിടക്കകളുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്ററും ഡിജിറ്റൽ എക്സ്റേയും അതേ നിലയിലും അൾട്രാസൗണ്ട് സ്കാനറുകളും ഡോപ്ളർ മെഫിനും മൂന്നു സിടി സ്കാനറുകളും എം ആർ ഐ തൊട്ടു താഴെയുള്ള നിലയിലുമാണ്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സ്ട്രോക്ക് യൂണിറ്റ് കൂടി പൂർത്തിയാകുന്നതോടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ഐസിയു, വാർഡുകൾ, ആൻജിയോഗ്രാം എന്നിവയും സ്ട്രോക്ക് യൂണിറ്റിലുണ്ട്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പൂർത്തീകരിച്ച എയിംസ് മാതൃകയിലുള്ള പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രയോജനം ജനങ്ങളിലേയ്ക്കെത്താൻ നിലവിലെ മന്ത്രി വീണാ ജോർജ് സ്വീകരിച്ച നിലപാടാണ് ഇന്നു മുതൽ യാഥാർത്ഥ്യമാകുന്നത്. പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുമ്പോഴുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളാട് സഹകരിക്കണമെന്നും ക്രമേണ അവ പരിഹരിക്കുമെന്നും ആശുപതി സൂപ്രണ്ട് അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam