Print this page

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.ബി. രാജേഷ്

By February 09, 2024 82 0
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള 'ഡിജി കേരളം' - ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ് വരുത്താൻ എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പദ്ധതിയുടെ എല്ലാ പ്രവർത്തനങ്ങളും 2024 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കി 2024 നവംബർ ഒന്നിലെ കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.


ഡിജി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാ ജോയിന്റ് ഡയറക്ടർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജി കേരളം പദ്ധതിയുടെ പ്രചരണാർത്ഥം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2024 ഫെബ്രുവരി 11 മുതൽ 18 വരെ 'ഡിജി വാര' മായി ആഘോഷിക്കും. ഫെബ്രുവരി 11 ന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമുള്ള എല്ലാ വാർഡുകളിലും 'ഡിജി സഭ' ചേരുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 18 ന് പ്രത്യേക അയൽക്കൂട്ട യോഗങ്ങളും ചേരും. വാർഡുകളിൽ ഫെബ്രുവരി 21 ന് സർവേ ആരംഭിക്കും. തുടർന്ന് ഡിജിറ്റൽ സാക്ഷരരല്ലാത്തവരുടെ എണ്ണം കണ്ടെത്തി പരിശീലനം ആരംഭിക്കും. കുടുംബശ്രീയുടെ 'ബാക്ക് ടു സ്‌കൂൾ' മാതൃകയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സ്‌കൂളുകൾ, ലൈബ്രറി കൗൺസിലുമായി സഹകരിച്ച് വായനശാലകൾ എന്നിവിടങ്ങളിൽ സായാഹ്ന ക്ലാസ്സുകൾ സംഘടിപ്പിക്കും. സ്‌കൂളുകളിലേക്കും വായനശാലകളിലേക്കും എത്തിപ്പെടാൻ കഴിയാത്തവർക്കായി അവരുടെ വീടുകളിലെത്തി പരിശീലനം നൽകും. അനാഥാലയങ്ങൾ, പുവർഹോമുകൾ, ആശുപത്രികൾ, ജയിൽ തുടങ്ങിയ ഇടങ്ങളിൽ അവിടെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ , ലൈബ്രറി കൗൺസിൽ,എസ് സി / എസ് ടി പ്രൊമോട്ടർമാർ, എൻ എസ് എസ്, എൻ സി സി, എൻ വൈ കെ, സന്നദ്ധ സേന വളണ്ടിയർമാർ, യുവജനക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, യുവതീ യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉപയോഗിച്ച് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തും. താത്പര്യമുള്ളവർക്ക് വളണ്ടിയറായി രജിസ്റ്റർ ചെയ്യുന്നതിന് ഡിജി കേരളം പദ്ധതിയുടെ വെബ് പോർട്ടലിലെ https://app.digikeralam.lsgkerala.gov.in/volunteer എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Rate this item
(0 votes)
Author

Latest from Author