Print this page

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പ്രവർത്തനത്തിനു പ്രശംസ

By December 09, 2023 79 0
സർവ്വീസ് കേസുകളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അതിവേഗം തീർപ്പുണ്ടാക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും സർവ്വീസ് തർക്കങ്ങളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനും അതുവഴി ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പ്രവർത്തനം ഏറെ സഹായകമാണ്. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പ്രവർത്തിക്കുന്ന രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ ഒന്നാണ് എന്നത് കേരളത്തിന് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഫയൽ ചെയ്തിട്ടുള്ള 63,605 കേസുകളിൽ 52,767 കേസുകളും തീർപ്പാക്കിയെന്ന് അദ്ദേഹം അറിയിച്ചു. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി കണ്ണൂർ കേന്ദ്രമാക്കി ഒരു ബെഞ്ച് കൂടി സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ടി.എ.ഷാജി, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് മനു.എസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ എ. ഷാജഹാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author