Print this page

തമ്പാനൂര്‍, ചാല വെള്ളകെട്ടിന് ഉടന്‍ പരിഹാരം കാണും

തമ്പാനൂര്‍, ചാല എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനുള്ള പരിഹാരം കാണാന്‍ കോര്‍പ്പറേഷനും ഇറിഗേഷന്‍ വകുപ്പിനും ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. നഗരത്തിലെ ഓടകളിലെ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കോര്‍പ്പറേഷനെയും ഇറിഗേഷന്‍ വകുപ്പിനെയും ചുമതലപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ചിറ വാര്‍ഡിലെ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ ഭൂമി കയ്യേറ്റം ഉണ്ടോയെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ഉണ്ടോയെന്ന് പരിശോധിക്കാനും എം.എല്‍.എ ജി. സ്റ്റീഫന്‍ ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന വിതുര കല്ലാറിനു സമീപം അഞ്ചു സ്ഥലങ്ങളിലായി 360 മീറ്റര്‍ നീളത്തില്‍ ഫെന്‍സിംഗ് ചെയ്യുന്നതിനായി 42.39 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും യോഗത്തില്‍ അറിയിച്ചു. പൊന്മുടി റോഡില്‍ വിതുര- പാലോട് നിന്നും നെടുമങ്ങാട് ഭാഗത്തേക്കുള്ള കെ. എസ്. ആര്‍. ടി. സി ബസ് റൂട്ട് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് ഡി.കെ മുരളി എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ കൈലാസ തീര്‍ത്ഥം പ്രോജക്ട് ആരംഭിക്കുന്നതിലെ തടസങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.


കഴക്കൂട്ടം മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി കോവിഡ് സമയത്ത് നിര്‍ത്തിവച്ച ബസ് സര്‍വീസുകള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പേട്ട പോലീസ് സ്റ്റേഷന്‍ മുതല്‍ കണ്ണമ്മൂല പാലത്തിലേക്ക് കടക്കാനുള്ള റോഡ് അടച്ചിട്ടിരിക്കുന്നത് എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.


മാവിളക്കടവ്, പ്ലാമൂട്ടിക്കട വരുന്ന രണ്ട് കിലോമീറ്റര്‍ റീ ടാര്‍ ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാനും റോഡുകളുടെ അരികിലുള്ള പഴകിയ ഇലവ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കാനും കെ. ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 343 കോടിയുടെ പൊഴിയൂര്‍ ഹാര്‍ബര്‍ നിര്‍മ്മാണ പുരോഗതി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കാരോട് കുടിവെള്ള പദ്ധതിടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാനും നിര്‍ദേശം നല്‍കി.


വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ട് വിനിയോഗപുരോഗതി അവലോകനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, എഡിഎം. എം.എല്‍.എ മാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author