Print this page

നിയമസഭാ സമ്മേളനം ജനുവരി 23 മുതൽ

By January 05, 2023 172 0
ഗവർണറുമായുള്ള അനുനയത്തിന്റെ തുടർച്ചയായി നിയമസഭാ സമ്മേളനം 23ന് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിനു നടക്കും.


ഗവർണറുമായുള്ള പോരിൽ മഞ്ഞുരുകിയതോടെയാണ് നയപ്രഖ്യാപനം ഒഴിവാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. ഈമാസം 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം വിളിച്ചുല ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിന്റെ അവതരണം അടുത്തമാസം മൂന്നിനു നടക്കും. സജി ചെറിയാനെ മന്ത്രിയാക്കാൻ അനുമതി നൽകിയതോടെയാണ് ഗവർണർ-സർക്കാർ പോരിൽ അയവു വന്നുതുടങ്ങിയത്.


ഇന്നലെ കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിച്ച കാര്യം ഗവർണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഗവർണറെ അറിയിക്കാതെ ഡിസംബർ 13ന് അവസാനിപ്പിച്ച സമ്മേളനത്തിന്റെ തുടർച്ച ജനുവരി അവസാനം ആരംഭിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. അങ്ങനെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രശ്നങ്ങൾ സമവായത്തിലേക്ക് നീങ്ങി. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗവർണറും മുഖ്യമന്ത്രിയും സൗഹൃദം പങ്കിട്ടത് ശ്രദ്ധേയമായിരുന്നു. അതേസമയം, സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട ബില്ലുകളിലടക്കം ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.
Rate this item
(0 votes)
Author

Latest from Author