Print this page

സ്വാതന്ത്ര്യദിന പരേഡിൽ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിലെ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു.

മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകൾ, കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആന്റ് റസ്‌ക്യൂ ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, വനം വകുപ്പുകൾ, അഗ്‌നിശമന സേനാ വിഭാഗം, മോട്ടോർ വെഹിക്കിൾ വകുപ്പ്, സൈനിക സ്‌കൂൾ, എൻ.സി.സി ആർമി, നേവൽ, വ്യോമ വിഭാഗങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സംസ്ഥാന പോലീസിലെ അശ്വാരൂഢ സേന, പോലീസിന്റെ രണ്ട് ബാന്റ് വിഭാഗങ്ങൾ എന്നീ പ്ലാറ്റുകളാണ് പരേഡിൽ മുഖ്യമന്ത്രിയിൽ നിന്ന് അഭിവാദനം സ്വീകരിച്ചത്.

തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നിധിൻ രാജ് പി ആയിരുന്നു പരേഡ് കമാൻഡർ. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്റന്റ് ബിജു ദിവാകരൻ ആയിരുന്നു സെക്കൻഡ്-ഇൻ-കമാൻഡ്.
സ്വാതന്ത്രദിന പ്രസംഗത്തിന് ശേഷം സ്തുത്യർഹ സേവനത്തിന് അവാർഡ് ലഭിച്ചവർക്ക് വിവിധ വിഭാഗങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിന് മെഡൽ നേടിയ പോലീസ്, അഗ്‌നിശമന, ജയിൽ വകുപ്പ് സേനാംഗങ്ങൾ അവാർഡുകൾ സ്വീകരിച്ചു.

സ്വന്തം ജീവൻ തൃണവൽഗണിച്ച് ആളുകളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനുള്ള സർവ്വോത്തം ജീവൻ രക്ഷാ പഥക് തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ശരത് ആർ. ആറിന് വേണ്ടി അദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ അഖില ഏറ്റുവാങ്ങി.
ഉത്തം ജീവൻ രക്ഷാ പഥക് അവാർഡ് നേടിയ കണ്ണൂർ സ്വദേശി കെ കൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ മാസ്റ്റർ മുഹമ്മദ് അദ്‌നാൻ മൊഹിയുദ്ദീൻ, കുമാരി മയൂഖ വി, എറണാകുളം സ്വദേശി മാസ്റ്റർ അൽഫാസ് ബാവു എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് മെഡലുകൾ സ്വീകരിച്ചു. എൻ.സി.സി കാഡറ്റുകൾ നടത്തിയ അശ്വാരൂഢ അഭ്യാസ പ്രകടനങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങളും ചടങ്ങിന് മിഴിവേകി.
Rate this item
(0 votes)
Author

Latest from Author