Print this page

കൊല്ലം റെയിൽവേ സ്റ്റേഷൻ ഇനി വിമാനത്താവളം പോലെ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖയായി. 385.4 കോടി രൂപ ചെലവഴിച്ചു ‘അടപടലം’ പൊളിച്ചുപണിഞ്ഞ്, വിമാനത്താവളം പോലെയാക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.

വിമാനയാത്രക്കാർക്കു ലഭിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്നത്. യാത്രക്കാർ സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും വെവ്വേറെ കവാടങ്ങളിലൂടെ ആയിരിക്കും. തെക്കും വടക്കും ടെർമിനലുകൾ ഉണ്ടാകും. ഇതിനു വേണ്ടി വിശാലമായ കെട്ടിട സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ഇവ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടു ശീതീകരിച്ച റൂഫ് പ്ലാസ ഉണ്ടാകും. ഇതിനു 110 മീറ്റർ നീളവും 36 മീറ്റർ വീതിയും ഉണ്ട്.

എല്ലാ പ്ലാറ്റ്‌ഫോമുകളും അത്യാധുനിക മേൽക്കൂരകൾ നിർമിക്കും. റിസർവേഷൻ, ഭരണ നിർവഹണം എന്നിവ പ്രത്യേക കെട്ടിടത്തിലേക്കു മാറും. ചരക്കുനീക്കത്തിനും പ്രത്യേക ട്രോളിയും എസ്കലേറ്ററും. 67 ഏക്കർ സ്ഥലത്ത് 30,000 ചതുരശ്ര മീറ്റർ നിർമാണം നടക്കും. പാർക്കിങ് സൗകര്യവും മാറും. ഒരേസമയം 300– 400 കാറുകൾക്കു പാർക്കു ചെയ്യാനാകും. ഇതിനു വേണ്ടി 12,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 4 നിലയുള്ള മൾട്ടിലെവൽ കാർ പാർക്കിങ് ആദ്യ ഘട്ടത്തിൽ നിർമിക്കും. ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനും പ്രത്യകത സൗകര്യം ഒരുക്കും. പാർക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിനു രണ്ടാം ഘട്ടമായും മൾട്ടിലെവൽ പാർക്കിങ് ഒരുക്കും.
സുരക്ഷാ സംവിധാനം അത്യാധുനികമാകും. സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഹിറ്റ് ലൈറ്റിങ് ആൻഡ് വെന്റിലേഷൻ, ഹെൽപ് ഡെസ്ക്, മൊബൈൽ ചാർജിങ് സൗകര്യം, ആധുനിക രീതിയിൽ രൂപകൽപന ചെയ്ത ഇരിപ്പിടങ്ങൾ, റൂഫ് പ്ലാസ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയവയും ഉണ്ടാകും
Rate this item
(0 votes)
Author

Latest from Author