Print this page

സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട യുവാവിന് യാത്രക്കിടെ ട്രക്കിടിച്ച് ദാരുണാന്ത്യം

By August 02, 2022 1020 0
തിരുവനന്തപുരം: സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കു​മ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു. 2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താൻ മൂന്ന് ദിവസത്തെ യാത്രമാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം.

സൗദി പ്രവാസിയായ അലിയാർകുഞ്ഞാണ് അനസിന്റെ പിതാവ്. മാതാവ്: ഷൈലാബീവി. സഹോദരങ്ങൾ: അജിംഷാ (ഇമാം, വെഞ്ഞാറമൂട്), സുമയ്യ (ഫാർമസിസ്റ്റ്).
Image
അനസ് ഹജാസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പരിശീലനം നടത്തിയാണ് സ്കേറ്റിങ് ബോർഡിൽ കയറാനും യാത്രചെയ്യാനും പഠിച്ചത്. കൂടാതെ യൂട്യൂബിന്‍റെ സഹായവും തേടി. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരുവർഷത്തോളമെടുത്തു. നാട്ടിലെ നിരപ്പായ റോഡുകളിൽ രാവിലെയും വൈകീട്ടും പരിശീലിച്ചുവെന്നും അനസ് പറഞ്ഞിരുന്നു.

കശ്മീർ യാത്ര പൂർത്തിയാക്കിയ ശേഷം ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ രാജ്യങ്ങളിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്യാൻ അനസിന് പദ്ധതിയുണ്ടായിരുന്നു.
Rate this item
(0 votes)
Author

Latest from Author