Print this page

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും തുടക്കമായി

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലെ സംഭവബഹുലമായ കാലത്തെ ഓർമപ്പെടുത്തി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമാകുന്നു. വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി കേരള കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കാർട്ടൂൺ പ്രദർശനം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ചരിത്രപ്രാധാന്യമുള്ള രാഷ്ട്രീയ മുഹൂർത്തങ്ങളെ കോറിയിട്ട വിഖ്യാത കാർട്ടൂണിസ്റ്റുകളുടെ 75-ഓളം പ്രശസ്ത കാർട്ടൂണുകൾ പ്രദർശനത്തിൽ അണിനിരത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലഘട്ടത്തിന്റെ നേർകാഴ്ചകൾ, മുൻനിര രാഷ്ട്രീയ പാർട്ടികളും ഘടക കക്ഷികളും തമ്മിലുള്ള പ്രശ്നങ്ങൾ, ഭരണകൂടത്തിനു സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗത്തോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ ഒറ്റ വേദിയിൽ കാണാനാകും. കാർട്ടൂണിസ്റ്റ് ശങ്കറിനു പത്മവിഭൂഷൺ ലഭിച്ച സമയത്ത് അദ്ദേഹം വരച്ച ഹാസ്യ ഭാവമുള്ള കാർട്ടൂൺ ഏറെ ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥക്കാലത്ത് അച്ചടി നിർത്തിയ ‘ശങ്കേഴ്സ് വീക്കിലി’ യുടെ അവസാനലക്കത്തിൽ അദ്ദേഹം വരച്ച കാർട്ടൂണും സന്ദർശകരുടെ ശ്രദ്ധ നേടി.

അയ്യങ്കാളി ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. പ്രദർശനം കാണാനെത്തുന്ന സ്‌കൂൾ വിദ്യാർഥികൾക്കായി ചോദ്യോത്തര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ഇന്നു (01 ഓഗസ്റ്റ്) വൈകിട്ടു സമാപിക്കും.
Rate this item
(0 votes)
Author

Latest from Author