Print this page

തൃശ്ശൂരിൽ മത്സരയോട്ടത്തിനിടെ ഥാർ ടാക്‌സിയിൽ ഇടിച്ചു; യാത്രക്കാരൻ മരിച്ചു

തൃശ്ശൂര്‍: മത്സരയോട്ടം നടത്തിയ ഥാർ ടാക്‌സി കാറിലിടിച്ച് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാള്‍ മരിച്ചു. പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററില്‍ ബുധനാഴ്‌ച രാത്രി ഒമ്പതോടെയാണ് അപകടം. ഥാര്‍, ബിഎംഡബ്‌ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.

എതിര്‍ദിശയില്‍ നിന്നുവന്ന ഥാര്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകള്‍ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണ്.ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. ടാക്സി കാറിൽ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ.ഈ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അപകട ശേഷം ഥാർ വണ്ടിയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
Rate this item
(0 votes)
Author

Latest from Author