Print this page

സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി

Silverline Rail project is essential for the future of Kerala: K Rail MD Silverline Rail project is essential for the future of Kerala: K Rail MD
കെ റെയില്‍ പദ്ധതി കേരളത്തിന്റെ ശോഭനമായ ഭാവിക്ക് എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്‍ (കെ റെയില്‍) മാനേജിംഗ് ഡയറക്ടര്‍ വി. അജിത്ത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പദ്ധതി വിശദീകരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് മൂന്നു മണിക്കൂര്‍ 54 മിനിറ്റു കൊണ്ട് എത്തിചേരാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണ് സില്‍വര്‍ലൈന്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.  പത്തനംതിട്ടയുടെ സമീപ പ്രദേശമായ ചെങ്ങന്നൂരിലെ നിലവിലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 4.3 കിലോമീറ്റര്‍ മാറിയാണ് സില്‍വര്‍ലൈന്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക. എംസി റോഡിന് സമീപമാണിത്. ഇവിടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷന്‍ സമുച്ചയം നിര്‍മിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റി ഉണ്ടാകും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യം സജ്ജമാക്കും. പത്തനംതിട്ട ജില്ലയിലൂടെ 22 കിലോമീറ്റര്‍ പാത കടന്ന്‌പോകുന്നു. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം സില്‍വര്‍ലൈന്‍ സ്‌റ്റേഷനില്‍ ഉണ്ടായിരിക്കും. സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 46 മിനിറ്റും, കൊല്ലത്തേക്ക് 22 മിനിറ്റും
കോട്ടയത്തേക്ക് 16 മിനിറ്റും, എറണാകുളത്തേക്ക് 39 മിനിറ്റും, കൊച്ചി എയര്‍പോര്‍ട്ടിലേക്ക് 49 മിനിറ്റും, കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ 54 മിനിറ്റും, കാസര്‍ഗോഡേക്ക് മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റും എടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിന്റെ നിലവിലെ ഗതാഗത പ്രതിസന്ധിക്ക് ബദലായാണ് സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. കേരള സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ. റെയില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയ്ക്കാനാകും. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 ഓളം പേര്‍ സില്‍വര്‍ലൈനിലേക്ക് മാറുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 530 കോടി രൂപയുടെ പെട്രോളും, ഡീസലും പ്രതിവര്‍ഷം ലാഭിക്കാനും വായുമലിനീകരണം ഗണ്യമായി കുറയ്ക്കാനും കഴിയും. റോഡുകളിലെ ഗതാഗത കുരുക്കും വാഹന അപകടങ്ങളും വലിയ രീതിയില്‍ കുറയ്ക്കാനാകും. റോ റോ സംവിധാനം വഴി ദേശീയ പാതകളില്‍ നിന്ന് 500 ഓളം ട്രക്കുകള്‍ ഒഴിവാക്കാനാകും. 2025 ഓടെ 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കും. പദ്ധതി നിര്‍മാണ സമയത്ത് അമ്പതിനായിരം തൊഴില്‍ അവസരവും പ്രവര്‍ത്തനഘട്ടത്തില്‍ പതിനൊന്നായിരം പേര്‍ക്ക് ജോലി ലഭിക്കാനും സഹായകരമാകും. പദ്ധതിയുടെ നിര്‍മ്മാണത്തിന് സ്ഥലം, വീട് തുടങ്ങിയവ നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കും. ആധുനിക രീതിയില്‍ ഒരു നൂറ്റാണ്ട് മുന്നില്‍ക്കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക.
സ്വന്തം വാഹനം ഉപയോഗിച്ച് ദിവസം 150 കിലോമീറ്ററില്‍ അധികം ദൂരം യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പദ്ധതി വലിയ പ്രയോജനമാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും പ്രയോജനകരമായ രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമായ വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. അഞ്ച് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ചിലവ് 63,940.67 കോടി രൂപയാണ്. ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കാന്‍ കെ.റെയില്‍ പദ്ധതി മുഖേന സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam