Print this page

സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

Extreme vigilance to prevent social expansion: Minister Veena George Extreme vigilance to prevent social expansion: Minister Veena George
തിരുവനന്തപുരം: നിലവില്‍ സമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 52 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 41 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കൃത്യമായി പാലിക്കണം. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ പാടില്ല. സാമൂഹിക ഇടപെടല്‍ ഒഴിവാക്കണം. രോഗവ്യാപനം അറിയാന്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു വരുന്നു. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള ജനിതക പരിശോധന രണ്ട് ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒമിക്രോണ്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സെന്റിനല്‍ സര്‍വയലന്‍സ് നടത്തി വരുന്നു. അങ്ങനെ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കോവിഡ് നെഗറ്റിവായിരുന്നു.
തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവള്‍ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും വാക്‌സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. തിങ്കള്‍ മുതല്‍ വാക്‌സിനേഷന് കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വാക്‌സിനുള്ള പങ്ക് വലുതായതിനാല്‍ എല്ലാവരും എത്രയും വേഗം വാക്‌സിനെടുക്കേണ്ടതാണ്.
15 മുതല്‍ 18 വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ കൂടിയായിരിക്കും. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴി പൂര്‍ത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ട്.
കുട്ടികള്‍ക്ക് കോവാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കൊവാക്‌സിന്‍ ശനിയാഴ്ച സംസ്ഥാനത്തെത്തും.
തിങ്കളാഴ്ച മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയാകും വിതരണം. സംസ്ഥാനത്ത് 98 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 79 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam