Print this page

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം

copa maerica football match copa maerica football match
സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് ബ്രസീലിനെ നേരിടും. ബ്രസീലിലെ കൊറിന്ത്യൻസ് അറീനയിലാണ് മത്സരം.

കോപ്പ അമേരിക്ക ഫൈനലില്‍ ഏഞ്ചൽ ഡി മരിയയുടെ ഗോൾ അ‍ർജന്റീനയുടെ ഉൻമാദവും ബ്രസീലിന്റെ കണ്ണീരുമായിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ ഡി മരിയയുടെ ഒറ്റ ഗോളിനാണ് ലിയോണൽ മെസിയുടെ അ‍ർജന്റീന ജൂലൈയിൽ തെക്കേ അമേരിക്കയുടെ രാജാക്കൻമാരായത്. ഇതിന് ശേഷം മെസിയുടെ അ‍ർജന്റീനയും നെയ്‌മറുടെ ബ്രസീലും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണ് കൊറിന്ത്യൻസ് അറീനയില്‍ ഇന്ന് നടക്കുക.

പ്രീമിയർ ലീഗിൽ കളിക്കുന്ന റോബർട്ടോ ഫിർമിനോ, അലിസൺ ബെക്കർ, തിയാഗോ സിൽവ, ഫ്രെഡ്, ഫാബീഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ, എഡേഴ്‌സൺ, തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം ബ്രസീലിന് തിരിച്ചടിയാവും. നെയ്‌‌മറുടെ മങ്ങിയ ഫോമും ആശങ്കയാണ്. എങ്കിലും അവസാന മത്സരത്തിൽ എവർട്ടെൻ റിബെയ്റോയുടെ ഗോളിന് ചിലെയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ കോച്ച് ടിറ്റെ.

തോൽവി അറിയാതെ കുതിക്കുന്ന ലിയോണൽ സ്‌കലോണിയുടെ അ‍ർജന്റീന കഴിഞ്ഞ ദിവസം ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചിരുന്നു. നായകൻ ലിയോണൽ മെസിക്ക് കാലിന് പരിക്കേറ്റെങ്കിലും ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ പുറത്തിരുത്താൻ സാധ്യതയില്ല. സസ്‌പെൻഷൻ കഴിഞ്ഞ ക്രിസ്റ്റ്യൻ റൊമേറോയും ലിയാൻഡ്രോ പരേഡസും തിരിച്ചെത്തുന്നതും അർജന്റീനയ്‌ക്ക് കരുത്താവും.
ലൗറ്റരോ മാർട്ടിനസും ഡി മരിയയും മെസിക്കൊപ്പം താളം കണ്ടെത്തിയതിനാൽ പൗളോ ഡിബാല കാത്തിരിക്കേണ്ടിവരും. ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി ബ്രസീലാണ് മേഖലയിൽ ഒന്നാമത്. 15 പോയിന്റുള്ള അ‍ർജന്റീന രണ്ടാം സ്ഥാനത്തും.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:09
Pothujanam

Pothujanam lead author

Latest from Pothujanam