Print this page

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ആദ്യജയം

National senior women's football; First win for Kerala National senior women's football; First win for Kerala
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ കളി ശക്തമാക്കിയ കേരളം 75-ാം മിനുട്ടില്‍ മാനസയുടെ ഹെഡര്‍ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ മികച്ചൊരു പാസില്‍ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തില്‍ ഫെമിനയെ ബോക്‌സില്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു. മിസോറാമുമായുള്ള കളിയില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ടി നിഖില 57-ാം മിനുട്ടില്‍ നിധിയ ശ്രീധരന് പകരക്കാരിയായാണ് കളത്തിലിറങ്ങിയത്. ഡിസംബര്‍ രണ്ടിന് നടക്കുന്ന ഗ്രൂപ്പിലെ അവസാന കളിയില്‍ കേരളം മധ്യപ്രദേശിനെ നേരിടും. രാവിലെ 9.30 കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.
കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് മധ്യപ്രദേശിനെ തകര്‍ത്താണ് മിസോറാം തകര്‍പ്പന്‍ ജയം നേടിയത്. പന്തടക്കത്തിലും കളി മികവിലും മധ്യപ്രദേശിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മിസോറം കാഴ്ചവെച്ചത്. ഇടവേളയ്ക്ക് ഒരു ഗോളിന് മുന്നിലായിരുന്ന മിസോറം. ഇടവേള കഴിഞ്ഞ് തൊട്ടടുത്ത മിനുട്ടില്‍ തന്നെ ലീഡ് വര്‍ധിപ്പിച്ചു. തുടര്‍ന്ന് പെനാല്‍റ്റിയില്‍ നിന്നടക്കം രണ്ടു ഗോളുകള്‍ കൂടി നേടിയാണ് മിസോറം വിജയം ആഘോഷിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരവും മിസോറം വിജയിച്ചതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നം മങ്ങി. ആദ്യകളിയില്‍ കേരളം 2-3ന് മിസോറമിനോട് പരാജയപ്പെട്ടിരുന്നു.
മെഡിക്കല്‍കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ജ്യോതി (18), വിധി (22), തനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകള്‍ നേടിയത്. രണ്ടാമത്തെ കളിയില്‍ ഒഡിഷ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഗുജറാത്തിനെ തോല്‍പ്പിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് (01.12.2021) രാവിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന ആദ്യ കളിയില്‍ മഹാരാഷ്ട്ര ജമ്മു ആന്റ് കശ്മീരിനെയും ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കളിയില്‍ സിക്കിം അരുണാചല്‍പ്രദേശിനെയും നേരിടും. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ രാവിലെ 9.30ന് തെലങ്കാന പഞ്ചാബിനെയും 2.30ന് വെസ്റ്റ് ബംഗാള്‍ തമിഴ്‌നാടിനെയും നേരിടും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam