Print this page

ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായ ഗുലാംനബി ആസാദ് വിമതവിഭാഗമായ ജി–23നേതാവുമാണ്. കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാനാകില്ലെന്ന്‌ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെ ശക്തിപെടുത്താൻ നടപടികളില്ലെന്നും കഴിഞ്ഞ ഒമ്പതുവർഷമായി കൊടുക്കുന്ന നിർദേശങ്ങൾ ചവറ്റുകൂനയിലാണെന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദ് പ്രതികരിച്ചു. രാജിക്കത്തിൽ രാഹുൽഗാന്ധിയെ വിമർശിക്കുന്നുമുണ്ട്.

ആഗസ്റ്റ് 17ന് ജമ്മുകശ്മീര്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാംനബി ആസാദ് രാജിവെച്ചിരുന്നു. പ്രധാനപദവികളില്‍ നിന്നെല്ലാം മാറ്റി രാഷ്ട്രീയകാര്യ സമിതിയുടെ ചെയര്‍മാനായി മാത്രമാണ് ഗുലാംനബിയെ നിയമിച്ചിരുന്നത്. കശ്മീരിലെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് അന്ന് രാജിയിലേക്ക് നയിച്ചത്.

മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

ഗുലാംനബിയെ ജമ്മു -കശ്‌മീരിൽ തളച്ചിടാനുള്ള നീക്കമായാണ്‌ അതിനെ ജി–-23 വിലയിരുത്തുന്നത്‌. എല്ലാ സംസ്ഥാനത്തിന്റെയും ചുമതല വഹിച്ച, പാർടിയിലെ സീനിയറെ ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രചാരണചുമതല ഏൽപ്പിച്ചത്‌ കടുത്ത അവഹേളനമാണെന്ന് അനുയായികൾ പറയുന്നു. ബുദ്ധിശൂന്യമായ ഈ തീരുമാനത്തിനുപിന്നില്‍ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണെന്നും ജി–-23 വിഭാഗം കരുതുന്നു.
Rate this item
(0 votes)
Author

Latest from Author