Print this page

പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകും

By November 28, 2022 228 0
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 8 ന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ. എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും സാങ്കേതിക മേഖലയിലെ അടിസ്ഥാന നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.


റോബോട്ടിക്സ് മേഖലയിൽ പരിശീലനം നൽകുന്നതിന് 2000 ഹൈസ്‌കൂളുകൾക്ക് 9000 റോബോട്ടിക്സ് പരിശീലന കിറ്റുകൾ വിതരണം ചെയ്യും. തിരഞ്ഞെടുത്ത 60,000 വിദ്യാർഥികൾക്ക് 4000 കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ നേരിട്ട് പരിശീലനം നൽകും. പരിശീലനം ലഭിച്ച കുട്ടികൾ മറ്റ് വിദ്യാർഥികൾക്കും പരിശീലനം നൽകുന്ന രീതിയിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.


സ്‌കൂളിലേക്ക് നൽകുന്ന ഓരോ റോബോട്ടിക് കിറ്റിലും ആർഡിനോ യൂനോ Rev3, എൽ.ഇ.ഡി.കൾ, എസ്ജി90 മിനി സർവോ മോട്ടോർ, എൽ.ഡി.ആർ. സെൻസർ മൊഡ്യൂൾ, ലൈറ്റ് സെൻസർ മൊഡ്യൂൾ, ഐ.ആർ. സെൻസർ മൊഡ്യൂൾ, ആക്ടീവ് ബസർ മൊഡ്യൂൾ, പുഷ് ബട്ടൺ സ്വിച്ച്, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ, റെസിസ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അധികമായി ആവശ്യം വരുന്ന സ്പെയറുകൾ നേരിട്ട് വാങ്ങാൻ കൈറ്റ് അവസരമൊരുക്കിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് പറഞ്ഞു.


ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ പ്രധാന പരിശീലന മേഖലയാണ് റോബോട്ടിക്സ്. ഈ മേഖലയിലെ പരിശീലനം വഴി റോബോട്ടിക്സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇതിനായി പ്രോഗ്രാമിങ് പരിശീലിക്കുന്നത് കുട്ടികളിലെ യുക്തിചിന്ത, പ്രശ്നനിർദ്ധാരണശേഷി എന്നിവ വളർത്താനും സഹായകരമാകും.
Rate this item
(0 votes)
Author

Latest from Author