Print this page

മന്ത്രി സജി ചെറിയാൻ രാജിവച്ചു

Minister Saji Cherian resigned Minister Saji Cherian resigned
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാവിലെ രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർപ്പിച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.
അതിനിടെ, വിവാദ പരാമർശം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിനു കേസെടുക്കാൻ പത്തനംതിട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണു കോടതിയെ സമീപിച്ചത്.
സജി ചെറിയാന്റെ വിവാദ പ്രസ്താവന ഇങ്ങനെ - "മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും".
നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്ന് ആരോപിച്ചു. ഭരണഘടനയെയല്ല ഭരണകൂടത്തെയാണ് വിമർശിച്ചത്, തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി ഇന്നലെ ചർച്ചയ്ക്കിടെ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam