Print this page

അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി

Kerala Blasters FC has extended the contract of Adrian Luna Kerala Blasters FC has extended the contract of Adrian Luna
കൊച്ചി: മധ്യനിര താരം അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടക്കത്തിൽ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഈ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ ചേർന്നത്‌. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും.
ക്ലബ്ബ്‌ വൈസ്‌ ക്യാപ്‌റ്റനായിട്ടായിരുന്നു ക്ലബ്ബിൽ അഡ്രിയാൻ ലൂണ തുടങ്ങിയത്‌. പിന്നീട്‌ ജെസെൽ കർണെയ്‌റോ പരിക്കേറ്റ്‌ പുറത്തായതോടെ ലൂണ പകരം ക്യാപ്‌റ്റനായി. ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണിൽ ആറ്‌ ഗോളുകൾ നേടിയ ലൂണ ഏഴ്‌ ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും ഊർജ്വസലതയോടെ കളംനിറഞ്ഞ്‌ ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത്‌ തിരിച്ചെടുക്കുന്നതിലും കഴിഞ്ഞ വർഷത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉന്നത നിലവാരം പുലർത്തി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന അദ്ദേഹം ഹീറോ ഐഎസ്‌എൽ ഓഫ്‌ ദി ഇയർ ടീമിലും ഇടംനേടി.
ഉറുഗ്വേയിലാണ്‌ ലൂണയുടെ കളിജീവിതം ആരംഭിച്ചത്‌, ക്ലബ്ബ്‌ അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്‌, ഡിഫെൻസർ സ്‌പോർടിങ്‌ എന്നിവയ്‌ക്കൊപ്പമായിരുന്നു അക്കാദമി വർഷങ്ങൾ ചിലവഴിച്ചത്‌. 2010ൽ ഡിഫെൻസറിൽ ക്ലബ്ബിന്റെ ആദ്യ സീനിയർ കുപ്പായത്തിൽ ഇറങ്ങുന്നതിന്‌ മുമ്പ് അണ്ടർ 19 ടീമിലായിരുന്നു. അധികം വൈകാതെ, സ്‌പാനിഷ്‌ ക്ലബ്ബുകളായ എസ്‌പാന്യോൾ, ജിംനാസ്‌റ്റിക്‌, സിഇ സബാഡെൾ എന്നിവയിൽ വായ്‌പാടിസ്ഥാനത്തിൽ എത്തി. പിന്നീട് മെക്‌സിക്കോയിൽ എത്തിയ ഈ ഇരുപത്തൊൻപതുകാരൻ അവിടെ ടിബുറോനെസ്‌ റോഹാസ, വെനാഡോസ എഫ്‌സി ടീമുകളെ പ്രതിനിധീകരിച്ചു. 2021 സമ്മറിൽ കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന്‌ മുൻപ് ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയുമായി കരാർ ഒപ്പിട്ട ലൂണ രണ്ട്‌ വർഷത്തിനിടെ 51 മത്സരങ്ങളിൽ ടീമിനായി കളിച്ചു.
2009ലെ ഫിഫ അണ്ടർ 17 ലോകകപ്പ്‌, 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പ്‌ എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്‌. രണ്ട്‌ ടൂർണമെന്റുകളിൽ ഓരോ ഗോളുമടിച്ചു. ക്ലബ്ബ്‌ കരിയറിൽ 11 വർഷത്തിനിടെ വിവിധ ക്ലബ്ബുകൾക്കായി 364 മത്സരങ്ങളിൽ ഈ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ഇറങ്ങി, 53 ഗോളടിക്കുകയും 53 എണ്ണത്തിന്‌ അവസമൊരുക്കുകയും ചെയ്‌തു.
‘കഴിഞ്ഞ സീസണിൽ ഞാൻ പറഞ്ഞപോലെ അഡ്രിയാൻ ക്ലബ്ബിന്‌ ഏറ്റവും യോജിച്ച കളിക്കാരനായിരുന്നു. ഐഎസ്‌എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്‌. മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്‌. കരാർ നീട്ടിയതിൽ ഞങ്ങളെല്ലാവരും ആവേശത്തിലാണ്‌. അടുത്ത സീസണിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നതിൽ സന്തോഷമുണ്ട്. ആ മഞ്ഞക്കടലിനു മുന്നിൽ കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്‌ അദ്ദേഹമെന്നും എനിക്ക് ഉറപ്പുണ്ട്, ‐ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.
‘ഞങ്ങളുടെ ക്ലബ്ബിൽ ദീർഘകാലത്തേക്ക്‌ അഡ്രിയാൻ കാട്ടുന്ന പ്രതിബദ്ധതയിൽ എനിക്ക് സന്തോഷമുണ്ട്. ലൂണ ഒരു യഥാർഥ നേതാവും പോരാളിയും വലിയ വ്യക്തിത്വവുമാണ്. അദ്ദേഹത്തെപ്പോലെ കൂടുതൽ കളിക്കാർ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി കരാർ നീട്ടിയത് ക്ലബ്ബിന്റെ വലിയ നേട്ടമാണ്, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു‐ കരാർ നീട്ടിയതിന്റെ ആവേശം പങ്കുവച്ചുകൊണ്ട്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ്‌ പറഞ്ഞു.
‘മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കെബിഎഫ്‌സിയുമായുള്ള കരാർ പുതുക്കിയതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിലെ എന്റെ ആദ്യ അനുഭവം അനുപമമായിരുന്നു. ക്ലബിനൊപ്പമുള്ള എന്റെ അടുത്ത മൂന്ന് വർഷം വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ കളിയിലും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണിൽ ടീമിന് വേണ്ടി മികച്ചത് നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു‐ ലൂണ സന്തോഷപൂർവം പറഞ്ഞു.
കഴിഞ്ഞ സീസണിൽ കെബിഎഫ്‌സി കരാർ ഒപ്പിട്ട ആദ്യ വിദേശ കളിക്കാരനായിരുന്നു ലൂണ. ഈ സീസണിൽ വിക്ടർ മോംഗിൽ, ഇവാൻ കലിയൂഷ്‌നി, ജിയാനു അപ്പോസ്‌തലോസ്‌ തുടങ്ങിയ നിരവധി പുതിയ വിദേശ കളിക്കാരെ ക്ലബ്ബ് ഇതിനകം ക്ലബിലെത്തിച്ചിട്ടുണ്ട്. ഓഫ്‌ സീസണിൽ കെബിഎഫ്‌സി നിരവധി കളിക്കാരുടെ കരാറും നീട്ടി. ലൂണയ്‌ക്കൊപ്പം, ബിജോയ് വർഗീസ്, ജീക്‌സൺ സിങ്‌, മാർക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്‌, സന്ദീപ് സിങ്‌ എന്നിവരുടെ കരാർ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022/23 സീസണിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കാനിരിക്കെ,ലൂണയും കൂട്ടരും ക്ലബ്ബിനെ മുന്നോട്ട് നയിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറച്ച പ്രതീക്ഷ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam