Print this page

സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന പ്രവാസികളെ മോദി സര്‍ക്കാര്‍ കൈവിടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മോദി സര്‍ക്കാര്‍ കൈവിടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്‌സഭയില്‍ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

സ്‌പോണ്‍സറെ മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ സഹായം നല്‍കും. എക്‌സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ്, സ്‌പോണ്‍സറെ മാറുന്ന കാര്യത്തില്‍ സാധ്യമായ സഹായം നല്‍കുക എന്നിവയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കും സാധ്യമായ സഹായം നല്‍കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ 2011ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം കഴിഞ്ഞ സെപ്റ്റംബറില്‍ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഇക്കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam