Print this page

സാമൂഹിക നീതിക്കായുള്ള നൂറ്റാണ്ട്‌ നീണ്ട പോരാട്ടത്തിന്‌ തിരിച്ചടി; സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന്‌ മുന്നാക്കസംവരണത്തിനെതിരെ സമരം സംഘടിപ്പിക്കും: എം.കെ. സ്റ്റാലിന്‍

By November 08, 2022 230 0
ചെന്നൈ: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സുപ്രീം കോടതി വിധി സാമൂഹിക നീതിക്ക്‌ വേണ്ടിയുള്ള നൂറ്റാണ്ട്‌ നീണ്ട പോരാട്ടത്തിന്‌ നേരെയുള്ള തിരിച്ചടിയാണെന്ന്‌ സ്റ്റാലിന്‍ പറഞ്ഞു.


കോടതി വിധി സമഗ്രമായി വിശകലനം ചെയ്ത ശേഷം, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്‌ ഇ.ഡബ്ല്യു.എസ്‌ സംവരണത്തിനെതിരായ സമരം തുടരുന്നതിനുള്ള അടുത്ത നടപടിയെക്കുറിച്ച്‌ തീരുമാനമെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സാമൂഹിക നീതി സംരക്ഷിക്കാനും രാജ്യത്തുടനീളം അതിന്റെ ശബ്ദം കേള്‍ക്കുന്നുവെന്ന്‌ ഉറപ്പാക്കാനും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരും ഒരുമിച്ചുനില്‍ക്കണമെന്ന്‌ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.


സൂപ്രീം കോടതി വിധി എല്ലാ ജാതികളിലെയും ദരിദ്രര്‍ക്കുള്ളതല്ല. ഇത്‌ സവര്‍ണ വിഭാഗത്തിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്‌. അങ്ങനെയെങ്കില്‍, സാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിധിയായി ഇതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.


തിങ്കളാഴ്ച രാവിലെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്‌. ചീഫ്‌ ജസ്റ്റിസ്‌ യു.യു. ലളിത്‌ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന്‌ ജഡ്ജിമാരും സംവരണത്തെയും 1030൦ ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.


മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല്‍ വിധികളാണ്‌ ബെഞ്ച്‌ പുറപ്പെടുവിച്ചത്‌. നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ്‌ സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.


അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന്‌ ജഡ്ജിമാര്‍ ഭരണഘടന ഭേദഗതി അംഗീകരിച്ചു. എന്നാല്‍, ചീഫ്‌ ജസ്റ്റിസ്‌ യു.യു. ലളിത്‌, ജസ്റ്റിസ്‌ രവീന്ദ്ര ഭട്ട്‌ എന്നിവര്‍ സംവരണ വിഭാഗങ്ങളെ ഒഴിവാക്കിയതിനോട്‌ വിയോജിച്ചു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം നല്‍കുന്നത്‌ ചോദ്യം ചെയ്തുകൊണ്ട്‌ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ്‌ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്‌.
 
Rate this item
(0 votes)
Author

Latest from Author