Print this page

വിവ കേരളത്തിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

By February 16, 2023 156 0
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.


ഈ മാസം 18ന് കണ്ണൂര്‍ തലശേരിയില്‍ വിവ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ വലിയൊരു കാമ്പയിനാണ് തുടക്കമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായി വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സ്ത്രീകളില്‍ പ്രത്യേകിച്ചും ജോലി ചെയ്യുന്ന സ്ത്രീകളില്‍ വിളര്‍ച്ച കൂടുതലായി കാണുന്നു. പലരും വ്യക്തിപരമായുള്ള ആരോഗ്യം നോക്കാറില്ല. വിളര്‍ച്ച ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വളര്‍ച്ചയെ വിളര്‍ച്ച ബാധിക്കും. ആഹാര ശീലങ്ങളില്‍ മാറ്റം കൊണ്ടുവന്നാല്‍ വളരെ പ്രയോജനം ലഭിക്കും. ഇതിനായി ഫുഡ് ബ്ലോഗര്‍മാര്‍ക്കും ഷെഫുകള്‍ക്കും അവരുടേതായ സംഭാവനകള്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.


വിളര്‍ച്ച മരുന്നുകൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിവ കേരളം കാമ്പയിന്‍ നടത്തുന്നത്. ഭക്ഷണത്തില്‍ ബോധവത്ക്കരണം ഏറെ ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബോധവത്ക്കരണം വേണം. സ്‌കൂള്‍ തലം മുതല്‍ കുട്ടികളില്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ശക്തമായ പിന്തുണ നല്‍കണം. സ്‌കൂളിലൂടെ വീടുകളിലേക്ക് അറിവുകള്‍ എത്തുന്നതിന് സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി അവബോധത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഭക്ഷണ സംസ്‌കാരം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമീകൃത ആഹാരം ശീലമാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിലും ഫുഡ് ബ്ലോഗര്‍മാര്‍ക്കും ഷെഫുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് ബ്ലോഗര്‍മാരും ഷെഫ്മാരും എല്ലാ പിന്തുണയും നല്‍കി.


വനിത ശിശുവികസന ഡയറക്ടര്‍ ജി പ്രിയങ്ക, പ്രമുഖ ഫുഡ് ബ്ലോഗര്‍മാര്‍, ഷെഫുകള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author