Print this page

എ.ആര്‍.ടി. സറോഗസി ക്ലിനിക്കുകള്‍ക്ക് സമയബന്ധിതമായി അംഗീകാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

By November 29, 2022 248 0
കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന രോഗികള്‍ക്ക് ആശ്വാസം


എ.ആര്‍.ടി. സറോഗസി സ്റ്റേറ്റ് ബോര്‍ഡിന്റെ ആദ്യ യോഗം ചേര്‍ന്നു


തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജി (റഗുലേഷന്‍) ആക്ട് 2021, സരോഗസി (റഗുലേഷന്‍) ആക്ട് 2021 എന്നിവ അനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി (എ.ആര്‍.ടി.) സറോഗസി ക്ലിനിക്കുകള്‍ പരിശോധനകള്‍ നടത്തി സമയബന്ധിതമായി അംഗീകാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്ഥാപനങ്ങളും പരിശോധിക്കുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധനകള്‍ നടത്തുക. സ്റ്റേറ്റ് ബോര്‍ഡിന്റെ അംഗങ്ങളെ ഈ മൂന്ന് മേഖലകളിലായി ഇന്‍സ്‌പെക്ഷനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ എത്രയും വേഗം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അംഗീകാരം നല്‍കുന്നതാണ്. ഇതിലൂടെ കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന രോഗികള്‍ക്ക് നിയമപ്രകാരം ചികിത്സ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


മന്ത്രിയുടെ അധ്യക്ഷതയില്‍ എ.ആര്‍.ടി. സറോഗസി സ്റ്റേറ്റ് ബോര്‍ഡിന്റെ ആദ്യ യോഗം ചേര്‍ന്നു. പരിശോധന നടത്തി നാല് തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ലെവല്‍ 1 ഇന്‍സ്റ്റിറ്റിയൂഷന്‍, ലെവല്‍ 2 ക്ലിനിക് അഥവാ എആര്‍ടി ക്ലിനിക്, എആര്‍ടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറിയുമാണ്.


സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് അപ്രോപ്രിയേറ്റ് അതോറിറ്റിക്ക് കൈമാറുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറിയും ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author