Print this page

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൽപ്പറ്റ: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളിലാണ് പന്നികൾക്കു രോഗം കണ്ടെത്തിയത്. പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ സാംപിൾ പരിശോധനയിലാണ് രോഗത്തിനു സ്ഥിരീകരണമായത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികൾ തുടങ്ങി.

അടുത്തിടെ, മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഫാം ഉടമകളിൽ ഒരാൾ ജഡം കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്‌ക്ക് കീഴിൽ പൂക്കോട് പ്രവർത്തിക്കുന്ന വെറ്ററിനറി ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനു വിധേയമാക്കിയതോടെയാണ് മരണകാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സംശയമുണ്ടായത്. ഇക്കാര്യം സർവകലാശാല അധികൃതർ മൃഗസംരക്ഷണ ഡയറക്‌ടറെ അറിയിച്ചു. ഇതേത്തുടർന്നു തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഡോ. മിനി ജോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ എത്തിയ സംഘമാണ് സാംപിൾ ശേഖരിച്ചു പരിശോധനയ്‌ക്കു ഭോപ്പാലിനു അയച്ചത്.

രോഗം സ്ഥിരീകരിച്ച ഫാമിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഇൻഫെക്ഷൻ ഏരിയയാണ്. ഇൻഫെക്ഷൻ ഏരിയയിലെ മുഴുവൻ വളർത്തുപന്നികളെയും കൊല്ലേണ്ടിവരും. ആഫ്രിക്കൻ പന്നിപ്പനിക്കു ഫലപ്രദമായ മരുന്ന് വികസിപ്പിച്ചിട്ടില്ല. മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല രോഗം. അതേസമയം നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ വൈറസ് വാഹകരാകുന്നതിനു സാധ്യത ഏറെയാണ്. രോഗ സ്ഥിരീകരണത്തിന്റെ പശ്ചാത്തത്തിൽ അതിർത്തി ചെക് പോസ്റ്റിലൂടെയുള്ള പന്നിക്കടത്ത് വിലക്കിയിട്ടുണ്ട്. പന്നിമാംസ വ്യാപാരികളിൽ ബോധവത്കരണം നടത്തിവരികയാണ്.
Rate this item
(0 votes)
Author

Latest from Author