Print this page

നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി

നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിൽ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളത്. അനാവശ്യ ചുവപ്പുനാടയിൽ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാമ്പത്തികവർഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വായ്പാ-നിക്ഷേപ അനുപാതം ഇനിയും വർധിക്കേണ്ടതുണ്ട്. നിലവിൽ 64 ശതമാനമാണ് വായ്പാ-നിക്ഷേപ അനുപാതം. ഇത് ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കുറവാണ്. കശുവണ്ടി മേഖലയിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രയോജനം ബാങ്കുകൾ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് മുടങ്ങിയ വായ്പകളും ഒറ്റത്തവണ തീർപ്പാക്കുന്നത് പരിഗണിക്കണം.


കാർഷിക മേഖലയിൽ കൈവരിച്ച വളർച്ച സ്ഥായിയായി നിലനിർത്തുന്നതിൽ സഹകരണ ബാങ്കുകൾക്കൊപ്പം വാണിജ്യ ബാങ്കുകൾക്കും പ്രധാന പങ്കുണ്ട്. എം.എസ്.എം.ഇ മേഖലയിലും ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച കേരളത്തിന് പ്രതിശീർഷ വരുമാനത്തിൽ സംസ്ഥാനങ്ങളുടെ ഇടയിൽ നാലാം സ്ഥാനം കൈവരിക്കാൻ സാധിച്ചു. സംരംഭകത്വ വർഷമായി ആചരിച്ച 2022 ൽ രണ്ട് ലക്ഷത്തിൽപ്പരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2021-22 ൽ കാർഷിക മേഖല 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കാർഷിക, ഉൽപ്പാദന മേഖലകൾ മെച്ചപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ചീഫ് സെക്രട്ടറി ഡോ വി.പി ജോയി നിർദ്ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സംബന്ധിച്ച് നല്ലതായിരുന്നെന്നും കാർഷിക, എം.എസ്.എം.ഇ രംഗങ്ങളിൽ കുതിച്ചുചാട്ടം നടത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർദീപ് സിംഗ് അലുവാലിയ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യനൽ ഡയറക്ടർ തോമസ് മാത്യു, എസ്.എൽ.ബി.സി കേരള കൺവീനർ എസ് പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author