Print this page

ഇന്ത്യയിലെ വിജയം ആഘോഷിച്ച് സ്കോഡ

Skoda celebrates success in India Skoda celebrates success in India
മുംബൈ: ഇന്ത്യ 2.0  പദ്ധതിയുടെ വിജയത്തിലൂടെ സ്കോഡ കാറുകൾ  ഏറ്റവും കൂടുതൽ വിൽക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ആഘോഷിക്കുകയാണ്  കമ്പനി. കഴിഞ്ഞ ദിവസങ്ങളിൽ ഡെറാഡൂണിൽ നടന്ന ആഘോഷത്തിൽ ഇന്ത്യക്ക് പുറമെ ജർമനി, സ്ലോവാക്യ, അയർലന്റ്, ബെൽജിയം, ഫ്രാൻസ്, ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്നുള്ള കാർ പ്രേമികളും സംബന്ധിച്ചു.
സ്കോഡയെ സംബന്ധിച്ചേടത്തോളം  ആഗോള വളർച്ചയുടെ സിരാകേന്ദ്രമായി ഇന്ത്യ മാറിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾക്ക് പറഞ്ഞു. ഇന്ത്യ 2.0 പദ്ധതി പ്രകാരം എം ക്യുബി- എ ഒ- ഐ എൻ പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച കുഷാഖും സ്ലാവിയയും വൻ വിജയമായി.   ഈകാറുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങിയിട്ടുണ്ട്. വിയറ്റ്നാമിൽ പ്രവർത്തനമാരംഭിക്കുന്ന സ്കോഡ, കുഷാഖിന്റേയും സ്ലാവിയയുടെയും ഘടകങ്ങൾ ഇന്ത്യയിൽ നിന്നാണ് അവിടത്തേക്ക് കയറ്റുമതി ചെയ്യുക. സ്കോഡ ഇന്ത്യയെ ഉയർച്ചയിലേക്ക് നയിച്ച രണ്ട് കാറുകളുടേയും 95 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമിതമാണെന്ന പ്രത്യേകതയുണ്ട്. 
 കമ്പനിയുടെ  ചെക്ക് റിപ്പബ്ലിക്കിലെ ആസ്ഥാനത്തേക്കാണ് ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ നേരത്തെ വിളിച്ചുവരുത്തിയിരുന്നതെങ്കിൽ ഇത്തവണ അത്
ഇന്ത്യയിലാക്കിയത് ഒരു സൂചനയാണെന്ന് പീറ്റർ സോൾക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിർമിത കാറുകളെ ലോകം അംഗീകരിച്ചിരിക്കയാണ്.2022 സ്കോഡ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ശ്രദ്ധേയമായിരുന്നു. നടപ്പ് വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 44500 കാറുകളാണ് വിറ്റത്. കുഷാഖ് 2021 ജൂലൈയിലും സ്ലാവിയ 2022 മാർച്ചിലുമാണ് വിപണിയിലെത്തിയത്. വളർച്ചയ്ക്ക് നാഴികക്കല്ലായി മാറിയ ഇന്ത്യ 2.0 യ്ക്ക് തുടക്കം കുറിച്ചത് 2018-ലാണ്. ഇതിന്റെ ഭാഗമായി 2019-ൽ പൂനെയിൽ
സ്ഥാപിതമായ ടെക്നോളജി സെന്ററാണ് കുഷാഖിന്റേയും സ്ലാവിയയുടേയും ജനനത്തിന് അടിസ്ഥാനമായ എം ക്യുബി- എ ഒ-ഐ എൻ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയത്.
എൻ സി എ പി ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര പദവി നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായി കുഷാഖ് അംഗീകരിക്കപ്പെട്ടതാണ് സ്കോഡ ഇന്ത്യയ്ക്ക് ആഘോഷിക്കാനുള്ള വേറൊരു കാരണം. കുഷാഖിന്റെ വാർഷിക എഡിഷൻ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ലാവിയയുടെ സ്പെഷ്യൽ എഡിഷനും വരും. കുഷാഖിന്റേയും
സ്ലാവിയയുടേയും മുന്നേറ്റത്തോടൊപ്പം ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായിത്തന്നെ ഷോറൂമുകളുടെ എണ്ണം വർധിപ്പിച്ചതും ഇന്ത്യയിലെ വിജയത്തിന് സഹായകമായി. 2021 ഡിസംബറിൽ
ഷോറൂമുകളുടെ എണ്ണം175 ആയിരുന്നത് ഇപ്പോൾ 220 പിന്നിട്ടു. ഈ വർഷാവസാനത്തോടെ 250 ലെത്തുമെന്നാണ് പ്രതീക്ഷ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam