ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഖത്തറിൽ ചൊവ്വാഴ്ച മുതൽ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങിയെത്തി.
സിവിൽ സർവീസ് ആൻഡ് ഗവൺമെന്‍റ് ഡെവലപ്‌മെന്‍റ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം എല്ലാ സർക്കാർ മന്ത്രാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ ചൊവ്വാഴ്ച നേരിട്ട് ജോലിയിൽ പ്രവേശിച്ചു. ഇതോടെ സർക്കാർ, സ്വകാര്യ മേഖലകളുടെ പ്രവർത്തന സമയം സാധാരണ നിലയിലേക്ക് മാറി. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഖത്തറിലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ജനറൽ രാജ്യത്ത് വർക്ക് ഫ്രം ഹോം സംവിധാനമേർപ്പെടുത്തിയിരുന്നത്.
അതേസമയം, ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള എമർജൻസി എക്സിറ്റുകളും അസംബ്ലി പോയിന്റുകളും എല്ലാവർക്കും പരിചിതമായിരിക്കണം. സുരക്ഷിതമായ ഒരു തൊഴിലിടം ഒരുക്കുന്നതിനായി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും മാർച്ച് 25, ബുധനാഴ്ച മുതൽ സ്കൂളുകളിൽ നേരിട്ടെത്തി ജോലിയിൽ പ്രവേശിക്കണം. വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ ഇവർ പൂർത്തിയാക്കും. രാജ്യത്തെ നഴ്സറികൾ ബുധനാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. വിദ്യാലയങ്ങൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയിന്റുകൾ എന്നിവ സജ്ജമാണെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തരുത്.
ഓഫീസുകളും സ്കൂളുകളും പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ദോഹയിലെ റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് യാത്ര തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. നേരെത്തെ, ഈദ് ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 21 മുതൽ 27 വരെ എല്ലാ ദിവസവും രാജ്യത്തെ മ്യൂസിയങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഈദ് അവധിക്ക് ശേഷമുള്ള വാരം മുതൽ മ്യൂസിയങ്ങൾ പഴയ സമയക്രമത്തിലേക്ക് മടങ്ങും. നിലവിൽ ഗാലറികൾ, കഫേകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ ഇൻഡോർ സംവിധാനങ്ങൾ നിശ്ചിത സമയക്രമത്തിൽ പ്രവർത്തിക്കുമെങ്കിലും, ചില പാർക്കുകൾ ഉൾപ്പെടെ ഔട്ട്‌ഡോർ കേന്ദ്രങ്ങൾ താൽക്കാലികമായി അടഞ്ഞുതന്നെയാണ്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.