Print this page

കേരളം വിടാൻ സജ്ജമായി ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35

British fighter jet F-35 ready to leave Kerala British fighter jet F-35 ready to leave Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ പരിഹരിക്കാനായതോടെ ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു തിരിച്ച് പറക്കും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ദിവസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പരീക്ഷണ പറക്കലിനുളള അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ജോലികൾ പൂർത്തിയാക്കി വിദഗ്ധ സംഘം മടങ്ങും.
അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങളും ജീവനക്കാരെയും ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം എത്തിയായിരിക്കും തിരികെ കൊണ്ടുപോകുക. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് ജൂൺ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധസംഘം എത്തിയത്. ദിവസേന 26000 രൂപയിലേറെ വാടകയാണ് ബ്രിട്ടീഷ് യുദ്ധ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിന് നൽകേണ്ടി വരിക. 33 ദിവസത്തേക്കായി 9 ലക്ഷത്തോളം രൂപയാണ് വാടകയിനത്തിൽ മാത്രം എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിന് നൽകേണ്ടി വരിക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam