കൊച്ചി: സീയുടെ പതാകവാഹക സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ ബോണ്‍ ടു ഷൈന്‍ ഗിവ് ഇന്ത്യയുമായി സഹകരിച്ച് വിവിധ കലാ സാംസ്കാരിക മേഖലകളില്‍ കഴിവു തെളിയിച്ച 30 പെണ്‍കുട്ടികളെ ആദരിച്ചു. തങ്ങളുടെ മേഖലകളില്‍ മുന്നേറാനായി സ്കോളര്‍ഷിപുകളും മെന്‍റര്‍ഷിപ് പ്രോഗ്രാമുകളും അടക്കമുള്ള വിപുലമായ പിന്തുണയാണ് ഈ പ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ നല്‍കുന്നത്.
കലാ സാംസ്കാരിക മേഖലയിലെ മികച്ച പെണ്‍കുട്ടികളെ തങ്ങളുടെ മേഖലയില്‍ മുന്നോട്ടു പോകാനാവും വിധം ശാക്തീകരിക്കുകയാണ് 2022 മെയ് മാസത്തില്‍ തുടക്കം കുറിച്ച ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ചു മുതല്‍ 15 വയസു വരെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ഈ പദ്ധതിക്ക് അയ്യായിരത്തിലേറെ യോഗ്യതയുള്ള അപേക്ഷകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ചത്. ഇതില്‍ നിന്നുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാ ക്കുന്നതിനായി എട്ടു പട്ടണങ്ങളില്‍ ഓഡീഷന്‍ നടത്തിയിരുന്നു.
രാഷ്ട്രം യഥാര്‍ത്ഥ രീതിയില്‍ വിജയിക്കണമെങ്കില്‍ പെണ്‍കുട്ടികളേയും അവരുടെ സവിശേഷമായ കഴിവുകളേയും വളര്‍ത്തിയെടുക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. തെരഞ്ഞെടക്കപ്പെട്ട 30 പെണ്‍കുട്ടികളുടെ വിജയം നമ്മുടെ രാജ്യത്തെമ്പാടുമായി മഹത്തായ കലാ, സാംസ്കാരിക മികവിന് വഴിയൊരുക്കുമെന്നും ജീവിതത്തിന്‍റെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കാന്‍ സഹായകമാകുമെന്നും പുനിത് ഗോയങ്ക ചൂണ്ടിക്കാട്ടി.
സ്വദേശ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയും ഡയറക്ടറുമായ സറീന സ്ക്രൂവാല, സുബ്രഹ്മണ്യം അകാദമി ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്ട്സ് സഹ സ്ഥാപകനും സിഇഒയുമായ ഡോ. ബിന്ദു സുബ്രഹ്മണ്യം, കെയറര്‍ സിഇഒ സമാറ മഹീന്ദ്ര, ബ്രഹ്മാനന്ദ് കള്‍ചറല്‍ സൊസൈറ്റി സ്ഥാപകന്‍ രൂപക് മേത്ത തുടങ്ങിയവര്‍ ചേര്‍ന്ന ജൂറി പാനലാണ് തെരഞ്ഞെടുപ്പു നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവരെ ജൂറി അംഗങ്ങള്‍ ആദരിക്കുകയും ചെയ്തു.